മൂവാറ്റുപുഴ: ശബരി റെയില്‍ പദ്ധതി വേഗത്തില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കണമെന്ന് ബെന്നി ബെഹന്നാന് എംപി. സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തായി മാറുന്ന പദ്ധതിയാണ് ഇത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും അലംഭാവം കാണിച്ചാല്‍ പാര്‍ലമെന്റില്‍ രണ്ടാം ഘട്ട സമരത്തിന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്-ന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എംപി നയിക്കുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരി പദ്ധതി മുടങ്ങിക്കിടക്കുന്നത് കാരണം നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ശബരിമല തീര്‍ഥാടനത്തിനും വ്യവസായത്തിനും കൃഷിക്കും വിനോദസഞ്ചാരത്തിനും ഏറെ പ്രാധാന്യം ലഭിക്കുന്ന പദ്ധതി കൂടിയാണ് ഇത്. ശബരി റെയില്‍ പദ്ധതി വിഷയം എല്ലാ കാലവും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ആണെന്ന് ബെന്നി ബെഹന്നാന് പറഞ്ഞു.
ഇത് നാടിന് വേണ്ടിയുള്ള പോരട്ടമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ഇടുക്കി ജില്ലയെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന പദ്ധതിയാണ് ഇത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് പദ്ധതി വൈകിയത്. പദ്ധതിക്ക് വേണ്ടി വരുന്ന എസ്റ്റിമേറ്റിന്റെ പകുതി തുക അനുവദിക്കുവാന്‍ അന്നത്തെ ഒന്നാം പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് താന്‍ 2019 ല്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഈ പദ്ധതി മരവിക്കപ്പെട്ട് കിടക്കുകയായിരുന്നെന്ന് സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തുടര്‍ന്ന് താന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് എംപിമാര്‍ നടത്തിയ നിരന്തര ഇടപ്പെടലിന്റെ ഫലമായാണ് പദ്ധതിക്ക് ജീവന് വെച്ചത്. ശബരി പദ്ധതിക്കായി ബജറ്റില്‍ തുക അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര മന്ത്രി അശ്വനി വൈഷണവിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി ഏറ്റെടുക്കേണ്ട സ്ഥല ഉടമകളുടെയും കുടുംബങ്ങളുടെയും ബുദ്ധിമുട്ടുകളും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങളും ഇരു സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍ എത്തിക്കുക എന്നതാണ് സത്യഗ്രഹ സമരം കൊണ്ട് ഉദ്ദേശിക്കുന്നത്.
പുതുക്കിയ എസ്റ്റിമേറ്റ് ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍ ആണ്. വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസിന് കൂടി സൗകര്യമായി മറ്റങ്ങളോടെയാണ് എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ ഗതി ശക്തി പദ്ധതിയിലേക്ക് ശബരി റെയില്‍ പദ്ധതി കൂടി ഉള്‍പ്പെടുത്തി എത്രയും വേഗത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് എംപി അറിയിച്ചു.
ഏറ്റവും വേഗത്തില്‍ പദ്ധതിയുടെ പൂര്‍ണ്ണമായ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ശബരി പദ്ധതിക്കായി ഇരുപത് വര്‍ഷങ്ങള്‍ മുന്‍പ് കല്ലിട്ട എഴുപത് കിലോ മീറ്റര്‍ പരിധിയിലുള്ള ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഭവനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കോ വായ്പ, വിവാഹാവശ്യങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും പദ്ധതി തടസം സൃഷ്ടിക്കുകയാണ്. എണ്ണൂറ് കെട്ടിടങ്ങളാണ് പദ്ധതിക്കായി ഏറ്റെടുക്കാന്‍ നിശ്ചയിച്ചത്. പദ്ധതി ഇനിയും വൈകിയാല്‍ രണ്ടായിരത്തോളം വ്യക്തികളെ ശക്തമായി ബാധിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറയുന്നു.
പെരുമ്പാവൂരിലെ റബര്‍ സംസ്കാരണ വ്യവസായത്തിനും കാലടിയിലെ അരി വ്യവസായത്തിനും കോതമംഗലം നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ വ്യവസായത്തിനും മുവാറ്റുപുഴ നെല്ലാട്ടിലെ കിന്‍ഫ്രാ ഫുഡ് പാര്‍ക്കിനും തൊടുപുഴയിലെ സ്പൈസസ് പാര്‍ക്കിനും മൂലമറ്റത്തെ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഗോഡൗണിനും റെയില്‍വേ സൗകര്യം അത്യാവശ്യമാണ്. കോടികണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയിലേയ്ക്കും , പ്രമുഖ ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തേയ്ക്കും റെയില്‍വേ സൗകര്യം ഏറെ പ്രയോജനകരമാണെന്നും ഡീന്‍ പറഞ്ഞു.
സമാപന സമ്മേളനം മാത്യു കുഴല്നാടന് എം എല്‍ എ ഉല്‍ഘടനം ചെയ്തു, മുന്‍ എം എല്‍ എ ജോസഫ് വാഴക്കന് മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കെ.എം സലിം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.വി ഇബ്രാഹിം എംഎല്.എ, മുന്‍ എം.പിമാരായ പി സി തോമസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, ജെയ്സണ്‍ ജോസഫ്, എ. മുഹമ്മദ് ബഷീര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയര്മാന് പി.പി എല്‍ദോസ്, പി.എം അമീര്‍ അലി, പി.എ ബഷീര്‍, ജോസ് പെരുമ്പിള്ളികുന്നേല്‍, കെ.പി ജോയി, ഷിബു തെക്കുംപുറം, പി.പി ഉതുപ്പാന്, റെജി ജോര്‍ജ്, ബേബി വട്ടകുന്നേല്‍, ടോം കുര്യച്ചന്, ഷൈസണ്‍ മങ്ങഴ, എം.എം സീതി, ഡിജോ കാപ്പന്, കെ.പി ബാബു, ടി.എച്ച് മന്‍സൂര്‍, നീലകണ്ഠന് എം.കെ, എം.എസ് സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്, എ.പി ഉസ്മാന് എന്നിവര്‍ സംസാരിച്ചു.