അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ആലുവ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എലൈവിന്റെ ഭാഗമായുള്ള എലൈവ് കരിയര്‍ വണ്ടി പദ്ധതിയുടെ 2022-23 അധ്യയന വര്‍ഷത്തെ സമാപന ചടങ്ങ് ജനുവരി 20 വെള്ളിയാഴ്ച നടക്കും.
രാവിലെ 9:30ന് ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന് ഹിഷാം അബ്ദുല്‍ വഹാബ് മുഖ്യാതിഥിയാകും. അന്‍വര്‍ സാദത്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ഭാഗമായി, വളര്‍ന്നുവരുന്ന തലമുറയുടെ അഭിരുചിക്ക് അനുസരിച്ച് ഭാവി തിരഞ്ഞെടുക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെ കരിയര്‍ വിദഗ്ധരായ അധ്യാപകര്‍ മണ്ഡലത്തിലെ എഴുപത്തിനാലോളം സ്കൂളുകള്‍ സന്ദര്‍ശിച്ച് ഉപരിപഠന സാധ്യതകളെക്കുറിച്ച് ക്ലാസുകള്‍ നല്കി. വിദ്യാര്‍ത്ഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഉപരി പഠനത്തിന് എത്തിക്കാന്‍ ദിശയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എലൈവ് കരിയര്‍ വണ്ടി പദ്ധതി നടപ്പിലാക്കിയത്.
ചടങ്ങില്‍ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. ജെ. ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജന് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഗോപി, ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല മജീദ്, റജീന നാസര്‍, നൗഷാദ് പാറപ്പുറം, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി. ജി. അലക്സാണ്ടര്‍, ഹയര്‍സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ സനൂജ.എ.ഷംസു തുടങ്ങിയവര്‍ പങ്കെടുക്കും.