അപകട രഹിതമായ നിരത്തുകള്‍ സാധ്യമാവുന്നതിന് നിയമങ്ങളും ബോധവത്കരണവും മാത്രം മതിയാവില്ലെന്നും ജനങ്ങളുടെ ഉത്തരവാദിത്തപൂര്‍ണമായ ഇടപെടലുകളാണ് അതിനു വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കാക്കനാട് രാജഗിരി ബിസിനസ് സ്കൂളില്‍ നടന്ന സംസ്ഥാന തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം ജീവനുകളാണ് റോഡ് അപകടങ്ങളില്‍ പൊലിയുന്നത്. ഇതില്‍ അധികവും ഇരുചക്ര വാഹനമോടിക്കുന്നവരാണ്. ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണം – മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുരക്ഷിത ഡ്രൈവിംഗ് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് സേഫ് ക്യാമ്പസ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 30 കോളേജുകളിലാണ് സേഫ് ക്യാമ്പസ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ ക്യാമ്പസുകളിലേക്കും ഈ മോഡല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജനുവരി 11 മുതല്‍ 17 വരെ വിപുലമായ പരിപാടികളാണ് സംസ്ഥാനത്തു നടപ്പാക്കിയത്. ബോധവത്കരണം, പ്രത്യേക പരിശോധനകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ലെയിന്‍ ട്രാഫിക് നിയന്ത്രണം, എന്നിവ സംസ്ഥാനത്താകെ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സേഫ് ക്യാമ്പസ് പദ്ധതിക്ക് മുന്നോടിയായി രാജഗിരി ബിസിനസ് സ്കൂളിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന റോഡ് ടു ലൈഫ് പദ്ധതിയുടെ ലോഗോ ഗതാഗത മന്ത്രി പ്രകാശനം ചെയ്തു. ബസ് ഡ്രൈവര്‍മാര്‍ക്കുള്ള റോഡ് സുരക്ഷ പരിശീലന പരിപാടി വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മിഷണറും ഐ.ജി യുമായ കെ. സേതുരാമന്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിട്യൂഷന് ഡയറക്ടര്‍ ഫാ.ഡോ. ജോസ് കുരിയേടത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എം.ഒ. വര്‍ഗീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എസ് ശ്രീനിവാസ കമ്മത്ത്, നാഷണല്‍ സേഫ്റ്റി ട്രസ്റ്റ് ചെയര്മാന് അഡ്വ. കെ. അച്യുതന് തുടങ്ങിയവര്‍ പങ്കെടുത്തു.