ചരിത്രത്തില്‍ നിന്നുള്ള ഊര്‍ജം ഉള്‍ക്കൊണ്ടാണ് നാം ഭാവിയിലേക്ക് മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആലുവ കാര്‍മലഗിരി പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയുടെ (പിയ) ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ ചരിത്രത്തെ സ്മരിക്കേണ്ടതും ഏത് തരത്തില്‍ മുന്നേറണം എന്ന് ചിന്തിക്കേണ്ടതുമായ അവസരമാണ്. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാര്‍വത്രികമാക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ആരംഭിക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത് തന്നെ ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ ചാലക ശക്തിയായി ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മാറി. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഊന്നല്‍ എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ആശയത്തിലായിരുന്നു. ഈ ആശയം മുന്‍നിര്‍ത്തി പോരാടിയ നവോത്ഥാന നായകര്‍ കേരളത്തിലെ എല്ലാ വിഭാഗങ്ങളിലും ഉണ്ട്.
ആരോഗ്യം, കൃഷി, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായം ഇത്തരം മേഖലകളിലെല്ലാം സവിശേഷമായി ഇടപെട്ട്കൊണ്ട് നമ്മുടെ നാടിനെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ഉല്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച് അധിക വിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുവാനും അവയുടെ നീതിയുക്തമായ വിതരണത്തിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സി യുടെ കീഴില്‍ കത്തോലിക്കാ സഭയിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. കഴിഞ്ഞ 50 വര്‍ഷമായി മംഗലപ്പുഴയിലും കാര്മല്ഗിരിയിലുമായി സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.
സി.ബി.സി.ഐ( കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പിയ പ്രസിഡന്റ് ഡോ.സുജന്‍ അമൃതം, വൈസ് ചാന്‍സലര്‍ റൈറ്റ് റവ.ഡോ. അലക്സ് വടക്കുംതല, പ്രൊ – ചാന്‍സലര്‍ മാര്‍. പോളി കണ്ണുകാടന്‍, കെ.ആര്.എല്‍.ബി.സി പ്രസിഡന്റ്റൈറ്റ് റവ.ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ഫാ.ജസ്റ്റിന് പനക്കല്‍ ഓ.സി.ഡി, റവ. സി.റോസിലി ജോസ് ഒഴുകയില്‍, ഡോ. ചാക്കോ പുത്തന്‍പുരക്കല്‍, ഡോ. സെബാസ്റ്റിന് പാലമൂട്ടില്‍, റവ. ഡോ. ഗ്രിഗറി ആര്‍ബി, സി.എച്ച്.എഫ് സിസ്റ്റേഴ്സ്, എസ്.എ.ബി.എസ് സിസ്റ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.