എരുമേലിയില്‍ നിന്നും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടുന്നത് നിര്‍ത്തി. കണമല, നിലയ്ക്കല്‍ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. തെലുങ്കാനയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം എരുമേലിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
അതേസമയം മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും പൂര്‍ത്തിയായി. വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് സൗകര്യങ്ങള്‍ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. വിരിവയ്ക്കാന്‍ പോലും സൗകര്യങ്ങളില്ല. വനത്തെ ബാധിക്കാതെ ചെറിയ വികസനങ്ങള്‍ സാധ്യമാണ്. സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സന്നിധാനത്തേക്ക് റോപ് വേ ആവശ്യമാണ്. മനുഷ്യര്‍ മനുഷ്യരെ ചുമക്കുന്ന രീതി മാറണം. ഏലക്കാ വിവാദം നാണക്കേടായി. വിവാദത്തിന് കാരണം കരാറുകാര്‍ തമ്മിലെ കിടമത്സരം. എന്നാല്‍ ഇത്തവണത്തെ തീര്‍ത്ഥാടനകാലം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്ന് മകരവിളക്ക് കാണാന്‍ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തിവിടില്ല.
ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മകരജ്യോതി ദശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മൂന്നിടത്തും ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. മെഡിക്കല്‍ സംവിധാനങ്ങള്‍, ഫയര്‍ഫോഴ്സിന്റെ ഉള്‍പ്പെടെയുള്ള ആംബുലന്‍സ് സേവനങ്ങള്‍, റിക്കവറി വാന്‍ എന്നിവയെല്ലാം സജ്ജമാണെന്ന് കളക്ടര്‍ അറിയിച്ചു.