കൊച്ചി കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി മുന്‍സിപ്പാലിറ്റിയോട് ലീഗല്‍ സര്‍വീസസ് അതോറിറ്റി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് കളമശ്ശേരി കൈപ്പടമുകളിലെ വീട്ടില്‍ നിന്ന് പഴകിയ കോഴി ഇറച്ചി പിടിച്ചെടുത്തത്. കൊച്ചിയിലെ ഹോട്ടലുകളില്‍ ഷവര്‍മ ഉണ്ടാക്കാന്‍ എത്തിച്ചതാണ് ഇറച്ചിയെന്നാണ് കരുതുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള സുനാമി ഇറച്ചിയാണിത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു. ഇറച്ചി വില്‍പ്പന നടത്തിയ മണ്ണാര്‍ക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് രംഗത്തെത്തിയിരുന്നു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചുകൊണ്ടുളള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വെജിറ്റബിള്‍ മയോണൈസും പാസച്വറൈസ്ഡ് മുട്ടയും ഉപയോഗിക്കാമെന്ന് വീണ ജോര്‍ജ് അറിയിച്ചിരുന്നു.