തൊടുപുഴ : മൈലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്ന ക്വാളിറ്റി ഇവാലിയുവേഷന് ലാബ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത് ഏലം മേഖലയില്‍ ഏറ്റവും ആശ്വാസകരമായ ഇടപെടലാണെന്ന് ഡീന്‍ കുര്യാക്കോസ് എം. പി പറഞ്ഞു. വിദേശമാര്‍ക്കറ്റുകളില്‍ ഗുണമേന്മയുള്ളതും കീടനാശിനിയുടെയും രാസവസ്തുക്കളുടെയും സാന്നിധ്യമില്ലാത്തതുമായ ഏലം നല്കുവാന് കഴിയുന്ന വിധത്തില്‍ ഉത്പാദന മേഖലയില്‍ മാറ്റം വരുത്തുന്നതിനും ഇത് മൂലം കഴിയും. കര്‍ഷകര്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നതുവഴി ഏലത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുള്ള ശക്തമായ പിന്തുണ ലഭ്യമാവുകയും മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിന് സഹായകരമാവുകയും ചെയ്യും.
2019 – 20 കാലഘട്ടത്തില്‍ ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ ഗുണമേന്മയുടെ അപര്യാപ്തത മൂലം ഇടുക്കിയിലെ ഏലം മാറ്റിനിര്ത്തപ്പെട്ടതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുവേണ്ടി താന്‍ നടത്തിയ ഇടപെടലുകളെത്തുടര്‍ന്നാണ് സ്പൈസസ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കൂടി സഹായത്തോടു കൂടി 3 കോടി രൂപ മുടക്കി ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ജി. സി. എം. എസ് സംവിധാനമാണ് ഏലം ഗവേഷണ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.
ഒരു ദിവസം അന്‍പതോളം സാമ്പിളുകള്‍ പരിശോധിക്കാനും തത്സമയം തന്നെ ഫലം മനസ്സിലാക്കുന്നതിനും അതുവഴി കീടനാശിനിയുടെ അളവ് കുറക്കുന്നതിനും ഗുണമേന്മയുള്ള ഏലം ഉത്പാദിപ്പിക്കുന്നതിനും കഴിയുമെന്ന് എം. പി കൂട്ടിച്ചെര്‍ത്തു. എറണാകുളത്ത് സ്പൈസസ് ബോര്‍ഡ് ആസ്ഥാനത്തുമാത്രമുണ്ടായിരുന്ന ക്വാളിറ്റി ഇവാലിയുവേഷന് ലാബ് ഇടുക്കിയില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അതിനായി സഹകരിച്ച മുഴുവന്‍ ആളുകളോടും നന്ദി അറിയിക്കുന്നതായും എം. പി പറഞ്ഞു. സ്പൈസസ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം എം. പി ലാബ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.