മൂവാറ്റുപുഴ: വഴിയോരകച്ചവടം തിരക്കുള്ള റോഡുകളിലും ഫുട്പാത്തുകളിലും അടിയന്തിരമായി നിരോധിക്കണമെന്നും മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ അശാസ്ത്രീയമായി വര്‍ദ്ധിപ്പിച്ച തൊഴില്‍കരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസ്സോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങലിന്റെയും കമ്മറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ മൂവാറ്റുപുഴ മുനി. ചെയര്‍മാനും സെക്രട്ടറിക്കും നിവേദനം നല്കി.
മൂവാറ്റുപുഴ ടൗണില്‍ തിരക്കുള്ള റോഡുകളും ഫുട്പാത്തുകളും വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളും വഴിയോര കച്ചവടക്കാര്‍ അനധികൃതമായി കയ്യേറി വഴിയോരകച്ചവടം നടത്തുന്നതു വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ ടൗണില്‍ നിന്നും നിയന്ത്രണാതീതമായ ഗതാഗത കുരുക്കിനു കാരണമാകുന്നുണ്ട്. കൂടാതെ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്പില് ചെറുവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും മറ്റും കച്ചവടം ചെയ്യുന്നത് നിയമാനുസൃതം ലൈസന്‍സുകളും നികുതികളും മറ്റും കൊടുത്തു വ്യാപാരം നടത്തുന്ന കച്ചവടക്കാരെ വഴിയോരകച്ചവടം സാരമായി ബാധിക്കുന്നുണ്ടെന്നും അസോസിയേഷന് പറഞ്ഞു.
അതിനാല്‍ വഴിയോരകച്ചവടം തിരക്കുള്ള റോഡുകളിലും ഫുട്പാത്തുകളിലും അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ അശാസ്ത്രീയമായി വര്‍ദ്ധിപ്പിച്ച തൊഴില്‍കരം പിന്‍വലിക്കണമെന്നും തൊഴില്‍കരം ടേണ്‍ഓവറിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കാതെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചു വ്യാപാരമാദ്ധ്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാരികള്‍ക്ക് തൊഴില്കരത്തില് ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മൂവാറ്റുപുഴ മര്‍ച്ചന്റ്സ് അസ്സോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങലിന്റെയും കമ്മറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ മൂവാറ്റുപുഴ മുനി. ചെയര്‍മാനും സെക്രട്ടറിക്കും നിവേദനങ്ങള്‍ നല്കി.
വ്യാപാരികളുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് അസ്സോസിയേഷന് ഭാരവാഹികള്‍ ആയ ശംസുദ്ധീന്‍ കെഎം, ബോബി നെല്ലിക്കല്‍, ഹാരിസ് കെ ഈ, എല്‍ദോസ് പാലപ്പുറം എന്നിവര്‍ ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു.