സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ സ്വാഗത ഗാനത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചതില്‍ നടപടി. സ്വാഗതഗാനം അവതരിപ്പിച്ച സംഘത്തെ ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഗാനാവതരണത്തില്‍ കണ്ടത് എല്‍ഡിഎഫ് നിലപാടല്ല. സ്വീകരണക്കമ്മിറ്റിക്കായിരുന്നു സ്വാഗത ഗാനത്തിന്റെ ചുമതലയെന്നും മന്ത്രി പറഞ്ഞു. വിവാദത്തില്‍ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
വേദിയില്‍ അവതരപ്പിക്കുന്നതിന് മുന്‍പ് ദൃശ്യാവിഷ്കാരം പരിശോധിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായിആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി.
എന്നാല്വിവാദം ദുരുദ്ദേശ്യപരമാണെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ് പറഞ്ഞു. കലാസംഘത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ പോലും പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കലോത്സവത്തിന് ശേഷം വിവാദങ്ങള്‍ മാത്രം ചര്‍ച്ചയായത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാഗതഗാന വിവാദം പരിപാടി നടത്തിയവരുടെ മേല്‍ കെട്ടിവെച്ച് തലയൂരാനുള്ള സര്‍ക്കാര്‍ ശ്രമം.