കൊല്ലത്തെ പാന്‍മസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗണ്‍സിലറുടെ വാദംപൊളിയുന്നു. കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാല പിടിച്ച സംഭവത്തില്‍ സിപിഎം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പാന്‍മസാലയുടെ വന്‍ ശേഖരം പൊലീസ് പിടികൂടന്നതിനും വെറു നാല് ദിവസം മുന്‍പെടുത്ത ചിത്രമാണിത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് ആവര്‍ത്തിക്കുന്നതിനിടയിലാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ചിത്രം പുറത്തായത്.
പരിപാടിയില്‍ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളും പങ്കെടുത്തതായുള്ള ദൃശ്യങ്ങള്‍ പുറത്തെത്തി. ഇജാസ് പിടിയിലായതോടെ നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വാഹനയുടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നായരുന്നു ഷാനവാസിന്റെ വിശദീകരണം.
ഇക്കാര്യം ജയന് സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസസാണെന്നാണ് നല്കുന്ന വിശദീകരണം. കേസില്‍ ഷാജഹാന് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ രേഖകളുമായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും വലിയ പ്രചാരണ പരിപാടികള്‍ നടത്തുന്നതിനിടെയാണ് പാന്‍മസാല കടത്തു സംഘവുമായുള്ള നേതാക്കളുടെ ചങ്ങാത്തം പുറത്തു വരുന്നത്.