കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരിച്ചതെന്ന് സ്ഥിരീകരണം. രാസപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം സ്ഥിരീകരിച്ചത്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും. കേസില്‍ ഹോട്ടല്‍ ഉടമകളെ പൊലീസ് പ്രതി ചേര്‍ത്തു. ഒളിവില്‍ പോയ ഹോട്ടലുടമകള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29നാണ് ഓണ്‍ലൈനിലൂടെ കോട്ടയം സംക്രാന്തി പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ അവശയായ രശ്മിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
രശ്മിയുടെ മരണത്തില്‍ ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയ്ക്ക് കേസെടുത്താണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലിനെതിരെ കൂടുതല്‍ പരാതികള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഡിസംബര്‍ 29ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേര്‍ക്കാണ് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവല്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.