കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലെ റോഡ് നവീകരണത്തില്‍ കാല്‍നടയാത്രക്കുള്ള സൗകര്യങ്ങള്‍ തടഞ്ഞുള്ള നിര്‍മ്മാണത്തില്‍ ഇടപെട്ട് കെഎംആര്‍എല്ലും, കൊച്ചി കോര്‍പ്പറേഷനും. അപകടങ്ങള്‍ ഉയരുന്ന ഇടങ്ങളില്‍ കാല്‍നടയാത്രക്കുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹറ പറഞ്ഞു.
തിരക്കേറിയ വഴിക്കും ആഴമുള്ള കുഴിക്കും ഇടയില്‍ ജീവന് കയ്യില്പിടിച്ച് നടന്നുപോകേണ്ട കാല്‍നടയാത്രക്കാരുടെ അവസ്ഥ ഏറ്റവും അപകടകരം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ്. റോഡ് നവീകരണത്തിന് ശേഷം മെട്രോ പില്ലറുകളുടെയും സ്റ്റേഷന്റെയും നിര്‍മ്മാണമാണ്. അതിലടക്കം കാല്‍നടയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കൊച്ചി കോര്‍പ്പറേഷന്റെ ഇടപെടല്‍
റോഡ് നവീകരണത്തിനും സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള ഭൂമിയേറ്റെടുക്കലിനുമായി 102കോടി രൂപ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ജനറല്‍ കണ്‍സള്‍ട്ടന്റിനെ കൂടി നിശ്ചയിക്കുന്നതോടെ ഇനിയുള്ള രണ്ട് വര്‍ഷം പ്രധാനപ്പെട്ട നിര്‍മ്മാണങ്ങളുടെയും ഘട്ടമാണ്. കെഎംആര്‍എല്‍ തന്നെ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പദ്ധതിയെന്നതും രണ്ടാംഘട്ടത്തിന്റെ പ്രത്യേകതയാണ്.