തട്ടുകടകളിലേക്കുള്‍പ്പടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കുന്നത്. വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും തുടര്‍ പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യ സുരക്ഷാ മന്ത്രി ജി ആര് അനിലും വ്യക്തമാക്കി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാഴ്സല്‍ വാങ്ങി പോകുന്നത് പരിമിതിപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടച്ചുപൂട്ടിയ ഹോട്ടലുകള്‍ തുറക്കുന്നത് ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അംഗീകാരത്തോടെ മാത്രമായിരിക്കണമെന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുഴിമന്തി കഴിച്ച് കാസര്‍കോട് സ്വദേശിയായ അഞ്ജുശ്രീ പാര്‍വ്വതി മരിച്ച സാഹചര്യത്തിലാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് 19 കാരി അഞ്ജുശ്രീ പാര്‍വതി മരിച്ചത്.
നേരത്തെ കോട്ടയത്തും ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് രശ്മി രാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ 29നാണ് കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം രശ്മി കഴിച്ചത്. ഇതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേല്‍ക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു.
ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.