മുംബൈ: ജനുവരി 25ന് റിലീസ് ചെയ്യാന്‍ ഇരിക്കെ ഷാരൂഖ് ഖാന് നായകനാകുന്ന പഠാന് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി)യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്.
‘സെന്‍സര്‍ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പരിശോധനാ പ്രക്രിയയിലൂടെ പഠാന് കടന്നുപോയി. നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി പുതിയ പതിപ്പ് സമര്‍പ്പിക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ഗാത്മകമായ ആവിഷ്കാരവും പ്രേക്ഷകരുടെ സംവേദനക്ഷമതയും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താന്‍ സെന്‍സര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. അര്‍ത്ഥവത്തായ സംഭാഷണത്തിലൂടെ എല്ലായ്പ്പോഴും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസം’- പ്രസൂണ്‍ ജോഷി വിശദീകരിച്ചു. എന്തെല്ലാം മാറ്റങ്ങളാണ് നിര്‍ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന് ബിഗ് സ്ക്രീനിലെത്തുന്നത് പഠാനിലൂടെയാണ്. ചിത്രത്തിലെ ബെഷറം രംഗ് എന്ന ആദ്യ ഗാനം റിലീസ് ചെയ്തതോടെ തീവ്രഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. ചിത്രം ബഹിഷ്കരിക്കണമെന്നും നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നു. രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പരാതി എത്തുകയും ചെയ്തു.
എന്നാല്‍ വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ ചിത്രത്തിന്റെ പോസ്റ്റ് റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രധാന അപ്ഡേറ്റ് പ്രകാരം പഠാന്റെ ഒടിടി അവകാശങ്ങള്‍ ഇതിനകം തന്നെ കോടികള്‍ക്ക് വിറ്റുപോയതായാണ് പുതിയ റിപ്പോര്‍ട്ട്.
ആമസോണ്‍ പ്രൈം വീഡിയോ പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ജനുവരിയില്‍ തീയറ്ററില്‍ എത്തുന്ന പഠാന് മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഠാന്റെ ഒടിടി റിലീസിനെക്കുറിച്ച് നിലവില്‍ ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാര്‍ നല്‍കുന്നില്ല.
എന്നാല്‍ ബോളിവുഡിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് സൂം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ശനിയാഴ്ച 100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത് എന്നാണ് വിവരം.