പോലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ദര്‍ശനത്തിനായി ഈ മണ്ഡലകാലത്തു തന്നെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി. ഏഴ് സ്ത്രീകള്‍ ഒന്നിച്ച് വരുന്നതുകൊണ്ടാണ് പോലീസിനോട് പ്രത്യേക സുരക്ഷ ചോദിച്ചത്. സുരക്ഷ ലഭിച്ചില്ലെങ്കിലും പിന്മാറാന് ഉദ്ദേശമില്ലെന്നും ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും തൃപ്തി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി പറഞ്ഞു.
മണ്ഡലതീര്ഥാടനത്തിന്റെ ആദ്യദിവസമായ ശനിയാഴ്ച ആറു യുവതികള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തുമെന്നു തൃപ്തി ദേശായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാത്ര, താമസം, സുരക്ഷ ഉള്‍പ്പെടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ടു ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും കത്തയച്ചിരുന്നു. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് സാധാരണ നല്കുന്ന സുരക്ഷയില്‍ കൂടുതല്‍ ഒന്നും തൃപ്തിക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പോലീസ്.