സിക്കിമില്‍ വാഹനാപകടത്തില്‍ 16 ജവാന്മാര് മരിച്ചു. വടക്കന്‍ സിക്കിമിലെ സെമയില്‍ വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ചാറ്റെനില്‍ നിന്ന് താംഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളില്‍ ഒന്നാണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ട്രെക്ക് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 13 സൈനികരുമാണ് മരണപ്പെട്ടത്. അപകടത്തിലേറ്റ ഗുരുതര പരിക്കാണ് മരണ കാരണം- സേന പ്രസ്താവനയില്‍ അറിയിച്ചു. സൈനികരുടെ മരണത്തില്‍ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അനുശോചനമറിയിച്ചു.
‘വടക്കന്‍ സിക്കിമില്‍ വാഹനാപകടത്തില്‍ കരസേനാംഗങ്ങളുടെ ജീവന് നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖമുണ്ട്. അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദി പറയുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്റെ അനുശോചനം. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു,’ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.