പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ പട്ടാലില്‍ പ്രവര്‍ത്തിക്കുന്ന അഗ്നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. രൂപരേഖ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി നല്‍കുന്നതിന് പെരുമ്പാവൂര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എന്‍ജിനീയറിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച് വ്യക്തത വരുത്തി.
കാലപഴക്കം മൂലം ശോചനീയാവസ്ഥയിലായ കെട്ടിടത്തിലാണ് നിലവില്‍ അഗ്നി ശമന സേനാ നിലയം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
പെരിയാര്‍വാലി ജലസേചന പദ്ധതി വിട്ടു നല്കിയ 50 സെന്റ് സ്ഥലത്താണ് നിലവില്‍ അഗ്നി രക്ഷാ നിലയം പ്രവര്‍ത്തിക്കുന്നത്. മുമ്പ് പെരിയാര്‍വാലി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ വസതിയായി ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണനാവസ്ഥയില്‍ ആയി തുടങ്ങിയിരുന്നു. 2012 ലാണ് കെട്ടിടം ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്. പെരിയാര്‍ വാലി, പൊതുമരാമത്ത് കെട്ടിട വിഭാഗം, അഗ്നി രക്ഷാ സേന എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ത്ത് കെട്ടിട നിര്‍മ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു.