ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച് നടന് കമല്ഹാസന്. ഡിസംബര്‍ 24 ന് യാത്രയില്‍ പങ്കെടുക്കാനാണ് തീരുമാനം. നടനും രാഷ്ട്രീയ നേതാവുമായ കമല്ഹാസന് ഡല്‍ഹിയില്‍ അടുത്തയാഴ്ച രാഹുല്‍ ഗാന്ധിക്കൊപ്പം ചേരുമെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം അറിയിച്ചത്. യാത്രയില്‍ പങ്കെടുക്കാനായി കമല്‍ഹാസനെ രാഹുല്‍ ഗാന്ധി ക്ഷണിക്കുകയായിരുന്നു.
ഡിസംബര്‍ 24 ന് ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തും. എട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്ക് നീങ്ങും. തുടര്‍ന്ന് ജമ്മു കശ്മീരില്‍ എത്തുന്നതിന് മുമ്പ് അടുത്ത മാസം പഞ്ചാബില്‍ പ്രവേശിക്കും.
കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഡല്‍ഹിയില്‍ എത്തുന്നത്. ഇതിനകം തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര വെള്ളിയാഴ്ച 100 ദിവസം പൂര്‍ത്തിയാക്കി. യാത്രയുടെ 100 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വിജയം ആഘോഷിക്കാനായി ഗായകരായ സുനിധി ചൗഹാനും മറ്റുള്ളവരും അവതരിപ്പിക്കുന്ന ഒരു സംഗീത പരിപാടിയും നടത്തിയിരുന്നു. ഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ സവായ് മധോപൂരില്നിന്ന് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം യാത്രയില്‍ പങ്കെടുത്തത്. രാഹുലുമായി സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന രഘുറാം രാജന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന കാല്‍നട യാത്രയില്‍ നടി സ്വര ഭാസ്കര്‍ പങ്കെടുത്തിരുന്നു. ഒളിമ്പിക്സ് മെഡല്‍ ജേതാവും ബോക്സറും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിംഗും മധ്യപ്രദേശിലെ യാത്രയില്‍ പങ്കെടുത്തു.