കേരളത്തിന്റെ ഫുട്ബോള്‍ ആരാധനയും ആവേശവും മുമ്പും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ആരാധകര്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടുകളുടെ വാര്‍ത്ത ഫിഫയുടെ ഔദ്യോഗിക പേജുകളില്‍ വരെ സ്ഥാനം പിടിച്ചു. ഇപ്പോള്‍ കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സാക്ഷാല്‍ നെയ്മര്‍.
നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ട് നോക്കി നില്ക്കുന്ന ആരാധകന്റെയും കുട്ടിയുടെയും ചിത്രമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സ്നേഹം വരുന്നു. വളരെയധികം നന്ദി കേരളം’ ചിത്രം പങ്കുവെച്ചുകൊണ്ട് നെയ്മര്‍ കുറിച്ചു. നെയ്മര്‍ ജൂനിയറിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്.
ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. എന്നാല്‍ ആദ്യ കിക്കെടുത്ത റോഡ്രിഗോ ഷോട്ട് പാഴാക്കിയതില്‍ തുടങ്ങിയ സമ്മര്‍ദം അതിജീവിക്കാന്‍ കാനറികള്‍ക്കായില്ല. ക്രോയേഷ്യന്‍ ഗോളിയുടെ മിന്നും ഫോമും കാനറികള്‍ക്ക് തിരിച്ചടിയായി.
ക്രൊയേഷ്യയുമായുള്ള മത്സരത്തില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ഗ്രൗണ്ടിലിരുന്ന് വിതുമ്പുന്ന നെയ്മറുടെ മുഖം ഹൃദയം നുറുങ്ങുന്ന കാഴ്ചയായി. ഖത്തറിലെ പരാജയത്തിനു പിന്നാലെ നെയ്മര്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്രസീല്‍ ടീമില്‍ താരം തുടരുമെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. തോല്‍വിക്ക് പിന്നാലെ താരത്തിന് പിന്തുണയുമായി ഫുട്ബോള്‍ ഇതിഹാസം പെലെയടക്കമുള്ളവര് രംഗത്തെത്തിയിരുന്നു.