ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണം. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകള്‍ നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
അതേസമയംബഫര് സോണ്‍ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രന് രൂക്ഷവിമര്‍ശനം നടത്തി. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഭൂതല സര്‍വ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വ്വേ നല്‍കുക. ഉപഗ്രഹ സര്‍വ്വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളില്‍ കമ്മീഷന് സിറ്റിംഗ് നടത്തും. ആളുകള്‍ക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. അപാകത ഒഴിവാക്കാന്‍ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്വെന്ഷന് നടക്കും.
ജനുവരി ആദ്യം സുപ്രീംകോടതി ബഫര്‍ സോണ്‍ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.