മാന്‍ഡൂസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 ദിവസങ്ങളില്‍ മഴ കനക്കാനാണ് സാധ്യത. ഞായറാഴ്ച 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച 9 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 12നും ഡിസംബര്‍ 13നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. അതേസമയം മാന്‍ഡൂസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിന്റെ വിവിധ മേഖലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. തമിഴ്നാട്ടില്‍ വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാന്‍ഡോസ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി.
മഴക്കെടുതികളില്‍ തമിഴ്നാട്ടില്‍ 4 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 70 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ചെന്നൈ നഗരത്തില്‍ മാത്രം നാന്നൂറോളം മരങ്ങളാണ് കടപുഴകിയത്. മാമല്ലപ്പുരത്ത് നിരവധി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കടല്‍തീരത്തിന് സമീപമുള്ള നിരവധി കടകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇരുന്നൂറോളം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.