സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്വേ എന്ന ആശയമാണ് ബിസിനസ് ജെറ്റ് ടെര്മിനലിലൂടെ സിയാല്‍ സാക്ഷാത്ക്കരിക്കുന്നത്.
ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാര്‍ട്ടര്‍ ഗേറ്റ് വേ പ്രവര്‍ത്തിക്കും. താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാല്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. നിലവില്‍ സിയാല്‍ രണ്ട് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആഭ്യന്തര യാത്രയ്ക്ക് ടെര്‍മിനല്‍ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെര്‍മിനല്‍ മൂന്നും. രണ്ടാം ടെര്‍മിനലില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറും.
സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ആഭ്യന്തര, രാജ്യാന്തര ജെറ്റ് ഓപ്പറേഷനുകള്‍ക്ക് സജ്ജമാണ്. 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആകര്‍ഷകമായ ഇന്റീരിയറോടെ സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വകാര്യ കാര്‍ പാര്‍ക്കിംഗ് ഇടം, ഡ്രൈവ് ഇന്‍ പോര്‍ച്ച്, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകള്‍, ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന് എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എന്നിവയും ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതി സുരക്ഷാ ആവശ്യമുള്ള വി.ഐ.പി അതിഥികള്‍ക്കായി ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്ര ഒരുക്കുക എന്ന ആശയം ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പരമാവധി ചെലവ് കുറച്ച് പണികഴിപ്പിച്ചിട്ടുള്ളതിനാല്‍, ചാര്‍ട്ടേര്‍ഡ് വിമാന യാത്ര കാര്യക്ഷമവും ചെലവ് കുറവുള്ളതുമാകും. സിയാലിന്റെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഇന്ത്യയുടെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ ആയിരിക്കും. വിനോദ സഞ്ചാരം, അന്താരാഷ്ട്ര ഉച്ചകോടികള്‍, ബിസിനസ് കോണ്‍ഫറന്‍സുകള്‍, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ യാത്ര എന്നിവയുടെ സമന്വയമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ് പകരും. ചെയര്‍മാന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് നിര്‍ണായകമായതായി അദ്ദേഹം പറഞ്ഞു.
കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സിയാലിന് കഴിഞ്ഞിട്ടുണ്ട്. അരിപ്പാറ ജലവൈദ്യുത സ്റ്റേഷനും പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കമ്മീഷന് ചെയ്യാനായി. വ്യോമയാന മേഖലയുടെ ഭാവി മുന്നില്‍ കണ്ട്, നിരവധി പദ്ധതികള്‍ സിയാല്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്റെ വികസന നയത്തിന്റെ ഭാഗമായാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പരമാവധി കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോട് നീതി പുലര്‍ത്താന്‍ സിയാലിന് കഴിഞ്ഞിട്ടുണ്ട്. ആ ലക്ഷ്യത്തില്‍ നിന്ന് ഒരു ചുവടുവയ്പ്പ് കൂടിയാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പദ്ധതി. 30 കോടി രൂപ മുടക്കി 10 മാസത്തിനുള്ളിലാണ് ടെര്‍മിനല്‍ സിയാല്‍ പൂര്‍ത്തീകരിച്ചത്. ജി-20 പോലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് വേദിയാകാന്‍ കൊച്ചിയെ പ്രാപ്തമാക്കും.
40,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണിത്. കാറില്‍ നിന്ന് വിമാനത്തിലേയ്ക്ക് രണ്ട് മിനിട്ടില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്താം എന്നതും സവിശേഷതയാണ്.
ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എന്നിവര്‍ വിശിഷ്ടാതിഥികളാകും. എം. പി മാരായ ബെന്നി ബഹനാന്,ഹൈബി ഈഡന്, എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, റോജി.എം.ജോണ്‍, സിയാല്‍ ഡയറക്ടര്‍ എം.എ യൂസഫലി, ചീഫ് സെക്രട്ടറി വി. പി ജോയി, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ്, അങ്കമാലി നഗരസഭാ ചെയര്മാന് റെജി മാത്യു, നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി കുഞ്ഞ്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി മാര്ട്ടിന്, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശോഭാ ഭരതന്, സിയാല്‍ ഡയറക്ടര്‍മാരായ ഇ.കെ ഭരത് ഭൂഷന്, അരുണ സുന്ദരരാജന്, എന്‍. വി ജോര്‍ജ്, ഇ. എം ബാബു, സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്റ്റാഫ് ഫെഡറേഷന് -സി. ഐ. ടി. യു പ്രസിഡന്റ് സി.എന്‍ മോഹനന് തുടങ്ങിയവര്‍ പങ്കെടുക്കും.