രാജ്യത്തെ ന്യൂനപക്ഷ ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. 2023 മുതല്‍ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2022-23 അധ്യയന വര്‍ഷം മുതല്‍ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പും കേന്ദ്രം അടുത്തിടെ നിര്‍ത്തിയിരുന്നു.
‘യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി) ആണ് മൗലാനാ ആസാദ് സ്കോളര്‍ഷിപ്പ് (എംഎഎന്‍എഫ്) സ്കീം നടപ്പിലാക്കിയത്. യുജിസി നല്കിയ ഡാറ്റ പ്രകാരം 2014-15 നും 2021-22 നും ഇടയില്‍ 6,722 ഉദ്യോഗാര്‍ത്ഥികളെ സ്കീമിന് കീഴില്‍ തെരഞ്ഞെടുത്തു, കൂടാതെ 738.85 കോടി രൂപയുടെ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഗവണ്മെന്റ് നടപ്പിലാക്കുന്ന ഉന്നതവിദ്യാഭ്യാസത്തിനായുള്ള മറ്റ് വിവിധ ഫെലോഷിപ്പ് സ്കീമുകളുളളതിനാല്, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ അത്തരം സ്കീമുകള്‍ക്ക് കീഴില്‍ വരുന്നതിനാലും 2022-23 മുതല്‍ എംഎഎന്‍എഫ് സ്കീം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു,” സ്മൃതി ഇറാനി പറഞ്ഞു.
ടി.എന്‍ പ്രതാപന് എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതിനാലാണ് നിര്‍ത്തലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ എംഎഎന്‍എഫ് ലഭിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കേന്ദ്രത്തിന്റെ തീരുമാനം ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന് ടി എന്‍ പ്രതാപന് പറഞ്ഞു. വിഷയം വരും ദിവസങ്ങളിലും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എം പി വ്യക്തമാക്കി.