കോണ്‍ഗ്രസില്‍ നല്ല സ്വീകാര്യതയുള്ള നേതാവാണ് ശശി തരൂരെന്ന് പി ജെ കുര്യന്. പാര്‍ട്ടിയില്‍ തരൂരിനോട് അഭിപ്രായ വ്യത്യാസമുള്ള ആരുമില്ല. തനിക്ക് തരൂരിനോട് ബഹുമാനവും ആദരവുമുണ്ടെന്നും പി ജെ കുര്യന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ശശി തരൂര്‍ പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്ര്യമാണ്. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്. തരൂര്‍ അടക്കമുള്ള നേതാക്കള്‍ നേതൃനിരയിലെത്തണം. കേരളത്തില്‍ ഒതുങ്ങേണ്ടയാളല്ല തരൂരെന്നും പി ജെ കുര്യന് പറഞ്ഞു.
ശശി തരൂരിനെ പോലുള്ളവര്‍ മുന്നോട്ട് വരണം. അവരെ പ്രോത്സാഹിപ്പിക്കണം എന്ന് തനിക്ക് അഭിപ്രായമുണ്ട്. തരൂര്‍ ദേശീയ നേതൃത്വത്തില്‍ തന്നെ വരണമെന്നും, അദ്ദേഹത്തിന് ദേശീയ തലത്തില്‍ ചുമതലകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്റെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്ന് പറയുന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു നേതാവിന്റെ പരിപാടിയില്‍ എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ് ആര്‍ക്കും പങ്കെടുക്കാം പങ്കെടുക്കാതിരിക്കാം. ഇതിന് സ്വാതന്ത്യമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ എത്ര നേതാക്കള്‍ പങ്കെടുക്കാതിരുന്നുവെന്ന് പരിശോധിച്ചാല്‍ കാണാം.
കോണ്‍ഗ്രസില്‍ ശശി തരൂരിന് ഗ്രൂപ്പെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. തരൂരിനോട് അടുപ്പമുള്ളവര്‍ കൂടുതല്‍ താല്പര്യം കാണിക്കും. അവരെ മാധ്യമങ്ങള്‍ ഗ്രൂപ്പാക്കും. ഇതാണ് സംഭവിക്കുന്നത്. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നും പി ജെ കുര്യന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, തരൂരിന്റെ സന്ദര്‍ശനം പാര്‍ട്ടിക്ക് ഗുണകരമാണെന്ന് കെ.മുരളീധരന് എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം. നിയമസഭയിലോ ലോക്സഭയിലോ പ്രാതിനിധ്യമില്ലാത്ത കക്ഷികളുടെ അഭിപ്രായങ്ങള്‍ പോലും കോണ്‍ഗ്രസ് പരിഗണിക്കാറുണ്ട്. മുന്നണിക്ക് അനുകൂലമായ സാഹചര്യത്തില്‍ അതിനെ തകര്‍ക്കുന്ന തര്ക്കങ്ങളുണ്ടാവരുതെന്നാണ് കോണ്‍ഗ്രസിന്റെയും വികാരം. ലീഗ് ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.