കേരളത്തിലെ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരനായ വാവ സുരേഷിനെതിരേ വനം വകുപ്പ് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. ക്ലിനിക്കല്‍ നഴ്സിംഗ് എഡ്യുക്കേഷന്‍ യൂണിറ്റും നഴ്സിംഗ് സര്‍വീസസ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലാണ് വാവ സുരേഷ് ജീവനുള്ള പാമ്പുകളെ പ്രദര്‍ശിപ്പിച്ച് തത്സമയ വിവരണം നടത്തിയത്. പാമ്പുകടി- സമൂഹത്തില്‍ നിന്ന് ശാസ്ത്രത്തിലേക്ക് എന്ന വിഷയത്തിലായിരുന്നു സംസ്ഥാനതല സെമിനാര്‍. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇ വി ഗോപിയായിരുന്നു ഉദ്ഘാടകന്‍.
പാമ്പിനെ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിലാര്‍ക്കും ലൈസന്‍സില്ലെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.ജനവാസ മേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ മാത്രമാണ് സുരേഷിന് അനുമതി ഉള്ളത്. സംഘാടകര്‍ക്കെതിരെ കേസ്സില്ലെന്ന് വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഓഫീസര്‍ രാജീവ് പറഞ്ഞു. സംഘാടകരുടെ അനുമതിയോടെയല്ല പാമ്പിനെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും നഴ്സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സെമിനാറില്‍ വാവ സുരേഷ് ക്ലാസെടുത്തതിനെക്കുറിച്ച് വലിയ രീതിയിലുള്ള വിമര്‍ശനമാണ് പിന്നീടുണ്ടായത്. വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍മീഡിയയിലും മറ്റും ഇതു സംഘാടകര്‍ക്കും സുരേഷിനുമെതിരേ രംഗത്തുവന്നു. പാമ്പുകളെ അശാസ്ത്രീയമായും സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയും കൈകാര്യം ചെയ്യുന്ന വാവ സുരേഷിനെ പാമ്പുകടിവിഷയം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പ്രഭാഷകനാക്കിയതിലെ ഔചിത്യം ചോദ്യം ചെയ്താണ് പലരും രംഗത്ത് വന്നത്.
ശാസ്ത്രീയ അടിത്തറയില്‍ തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളര്‍ന്നു വികസിച്ച മെഡിക്കല്‍ മേഖലയ്ക്കാകെ അപമാനമാകുന്ന പ്രവണതയാണ് ഇതെന്ന് എസ്എഫ്ഐ മെഡിക്കല്‍ കോളേജ് യൂണിറ്റ് ആരോപിച്ചു. മെഡിക്കല്‍ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസത്തിന്റെയും ഇടമാക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇത്തരം പരാതികളുന്നയിച്ചുള്ള നിരവധി ഫോണ്‍കോളുകളും മറ്റും വനംവകുപ്പിനു ലഭിച്ച സാഹചര്യത്തിലാണ് കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡിഎഫ്ഒ നിര്‍ദേശിച്ചതും തുടര്‍ന്ന് പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനു വാവ സുരേഷിനെതിരേ കേസെടുത്തതും. നടപടികളുടെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ കോളേജിലെത്തി സെമിനാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു
കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏറെ നാള് വിദഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നീട് സുരക്ഷിതമല്ലാത്ത മാര്‍ഗത്തിലൂടെയല്ലാതെ പാമ്പു പിടിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ക്ലാസെടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ക്ഷണിച്ചതും വിഷപ്പാമ്പുകളെ കൊണ്ടുവന്നതും.