കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ നാളത്തെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്. മറ്റ് ചില ആവശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.
കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയില്‍ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാകും വി ഡി സതീശന് പങ്കെടുക്കുക.
സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളില്‍ ശശി തരൂരിന്റെ സാന്നിദ്ധ്യം ചര്‍ച്ചയാകുമ്പോള്‍ തരൂരിനെ കൊച്ചിയില്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒന്‍പത് മുതല്‍ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക.