കേരളത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. കെഎസ്യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്യു സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.
സര്‍വ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കുന്നതിനെതിരെയാണ് കെഎസ്യു സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേട് തകര്‍ക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മുളവടികളില്‍ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു. മാര്‍ച്ചില്‍ കല്ലേറുമുണ്ടായി. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ റോഡില്‍ കുത്തിയിരുന്നതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
കെ എസ് യു പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ മാര്‍ച്ചാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പൊലീസുമായുള്ള സംഘര്‍ഷം തുടങ്ങിയത്.