കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയില്‍ ഹാജരാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാകുക. തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളിയ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഇരുവരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
നടി അക്രമണക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയതോടെ ദിലീപിനെതിരായ പുതിയ കുറ്റം നിലനില്ക്കും. ദിലീപിനെതിരെ തെളിവു നശിപ്പിച്ചതിനും ശരത്തിനെതിരെ തെളിവുകള്‍ മറയ്ക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയത്. ദിലീപ് തെളിവു നശിപ്പിച്ചതിനു തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുള്‍പ്പടെ പ്രോസിക്യൂഷന് നിരത്തിയ തെളിവുകള്‍ മുഖവിലയ്ക്കെടുത്തായിരുന്നു കോടതിവിധി.
നടി അക്രമണക്കേസിന്റെ വിചാരണ നവംബര്‍ പത്തിന് പുനരാരംഭിക്കുമ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ടും കേസില്‍ നിര്‍ണായകമാകും. പുതിയ 112 സാക്ഷികളില്‍ ആരെയൊക്കെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിക്കും. തുടരന്വേഷണ റിപ്പോര്‍ട്ടില്‍ 300ല്‍ പരം അനുബന്ധ തെളിവുകളും ഉണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നായിരുന്നു നടിആക്രമണക്കേസിലെ തുടരന്വേഷണം.