കിളികൊല്ലൂര്‍ കള്ളക്കേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്കി. സൈനികന് വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നല്‍കിയത്. തപാല്‍ വഴിയും, ഇ മെയില്‍ വഴിയും പരാതി അയച്ചു. സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തില്‍ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. പൂര്‍വ്വ സൈനിക സേവാ പരിഷത്താണ് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് ഇരകളെ റിമാന്‍ഡ് ചെയ്തെന്നുമാണ് ആക്ഷേപം.
സൈനികനും സഹോദരനും മര്‍ദ്ദന വിവരം മജിസ്ട്രേറ്റിനോട് പറഞ്ഞെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മജിസ്ട്രേറ്റിനെതിരെ ശക്തമായ നടപടി വേണമെന്നാണ് പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആവശ്യം.
സംഭവത്തില്‍ വീഴ്ച്ച സമ്മതിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരനായ വിഘ്നേഷ് പറയുന്നു. സത്യങ്ങള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ന്യായികരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വിഘ്നേഷ് പ്രതികരിച്ചു.
അതേസമയം സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികള്‍ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്നേഷിന്റെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.