മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ശശി തരൂരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ദേശീയ നേതൃത്വത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി തരൂര്‍ മത്സര രംഗത്തെത്തിയതാണ് ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിക്ക് കാരണം. തെരഞ്ഞെടുപ്പ് സമയത്ത് തരൂര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി രംഗത്ത് എത്തിയിരുന്നു.
തരൂരിന് ഇരട്ട മുഖമാണെന്നും നിലപാട് മാറ്റിപ്പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തരൂര്‍ പാര്‍ട്ടിയെ അവഹേളിച്ചെന്നും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ശശി തരൂര്‍ ഉന്നയിച്ച പരാതികള്‍ക്കാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി മറുപടി നല്‍കിയത്.
തരൂര്‍ പരാതി നല്കിയപ്പോള് മറുപടിയില്‍ സമിതിക്ക് മുമ്പാകെ തൃപ്തി രേഖപ്പെടുത്തുകയും പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്പില് ഇത് മാറ്റിപ്പറയുകയും ചെയ്തെന്ന് മിസ്ത്രി ആരോപിച്ചു. കള്ളവോട്ട് നടന്നെന്ന് ഉള്‍പ്പെടെയുള്ള ശശി തരൂരിന്റെ ആറ് പരാതികളും തള്ളിക്കളയുകയും ചെയ്തു.
ഇന്നലെ മിസ്ത്രി തരൂരിന് കത്ത് നല്‍കിയതിനു പിന്നാലെ, സോണിയാ ഗാന്ധി തരൂരിനെ വസതിയിലേക്ക് വിളിപ്പിച്ചു. ജി23 ആശയങ്ങള്‍ മുന്‍ നിര്‍ത്തി മത്സരിച്ച തന്നെ, കൂട്ടായ്മയിലെ മറ്റ് നേതാക്കള്‍ പിന്തുണയ്ക്കാത്തതിലെ അതൃപ്തിയും തരൂര്‍ വ്യക്തമാക്കിയിരുന്നു.