മൂവാറ്റുപുഴ: ‘ഞങ്ങളൊക്കെ ഉണ്ടെട്ടോ ഇവിടെ’ തൊണ്ണൂറ്റി ഒന്ന് വയസ്സുള്ള പാറുക്കുട്ടിയമ്മ തങ്കമ്മയോട് ഈ വാക്കുകള്‍ പറയുമ്പോള്‍ നാളുകള്‍ക്ക് ശേഷം തങ്കമ്മയുടെ മുഖത്ത് ചിരി വിടര്‍ന്നു. മക്കളാല്‍ സംരക്ഷിക്കപ്പെടാതെ കഴിഞ്ഞ അഞ്ചു മാസമായി മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 70 വയസ്സുള്ള തങ്കമ്മയെ ആര് ഡി ഒ യുടെ നേതൃത്വത്തില്‍ പീസ് വാലിയില്‍ എത്തിച്ചപ്പോഴായിരുന്നു കണ്ണ് നിറക്കുന്ന ഈ കാഴ്ചകള്‍.
അഞ്ചു മാസമായി കഴിഞ്ഞിരുന്ന ആശുപത്രിയില്‍ നിന്നും പീസ് വാലിയിലെ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം പുറപ്പെടുമ്പോഴും നിര്‍വികാരമായ ഭാവമായിരുന്നു 70 കാരി തങ്കമ്മയുടെ മുഖത്ത്. കോതമംഗലം വരപ്പെട്ടി കാക്കാട്ടൂര്‍ സ്വദേശിനിയാണ് തങ്കമ്മ. രണ്ടു മക്കളില്‍ ഒരു മകന് നേരത്തെ മരണപ്പെട്ടു. മറ്റൊരു മകന് ദൂരെയെവിടെയോ ഭാര്യയുടെ വീട്ടില്‍ മൂന്ന് പെണ്മക്കളോടൊപ്പവും.
ഒറ്റക്ക് കഴിഞ്ഞിരുന്ന തങ്കമ്മ നിരന്തരമായ അസുഖങ്ങളെ തുടര്‍ന്നാണ് മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്നത്. കൂടെ ആരും ഇല്ലാതെ നാളുകള്‍ കടന്നു പോയി. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് തങ്കമ്മക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നത്. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന തങ്കമ്മ മല മൂത്ര വിസര്‍ജ്യത്തിലാണ് പലപ്പോഴും കിടന്നിരുന്നത്. തങ്കമ്മയുടെ ദയനീയവസ്ഥ ഇതര രോഗികളുടെ കൂട്ടിരിപ്പുകാരാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള പൊതുപ്രവര്‍ത്തകരെ അറിയിക്കുകയും പീസ് വാലി ഇടപെടുന്നതും.
തങ്കമ്മയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച പീസ് വാലി ഭാരവാഹികള്‍ സ്ഥലപരിമിതി ഉണ്ടെങ്കിലും വൃദ്ധയുടെ ദയനീയ സ്ഥിതി മുന്‍നിറുത്തി പീസ് വാലിയിലെ സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രത്തില്‍ അഭയം നല്കാന് തയ്യാറാവുകയായിരുന്നു.
മുവാറ്റുപുഴ ആര് ഡി ഒ യുടെ ശ്രദ്ധയില്‍പെടുത്തി ആവശ്യമായ മേല്‍നടപടികള്‍ക്ക് ശേഷം തങ്കമ്മയെ ആശുപത്രിയില്‍ എത്തി പീസ് വാലി ഏറ്റെടുത്തു. ആര് ഡി ഒ പി എന്‍ അനി, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന് നായര്‍, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി വി എം അബ്ദുല്‍ സലാം, പീസ് വാലി ഭാരവാഹികളായ കെ എ ഷെമീര്‍, ശംസുദ്ധീന്‍ കെ എം, എന്നിവര്‍ സന്നിഹിതരായിരുന്നു.