ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സമൂഹ മാധ്യമങ്ങളില്‍ സജീവമായ സന്ദീപ് എന്ന യുവാവാണ് ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ചത്.
വിഡിയോ കോളിനിടെ ഭാര്യ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയാണ് യുവാവ് പിന്നീട് ഫെയ്സ്ബുക്കില്‍ പങ്കുവച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു വര്‍ഷം മുന്‍പാണ് സന്ദീപ് ഈ യുവതിയെ വിവാഹം ചെയ്തത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് ഒരിക്കല്‍ ഭാര്യയെ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു. വിഡിയോ കോള്‍ ഓണായിരുന്നതിനാല്‍ സന്ദീപ് കുളിമുറി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫോണില്‍ സൂക്ഷിച്ചു.
ഫെയ്സ്ബുക്കില്‍ കൂടുതല്‍ ഫോളോവേഴ്സിനെ കണ്ടെത്തുന്നതിനായി സന്ദീപ് ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഈ വിഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ നീക്കം ചെയ്യാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് ചെവിക്കൊണ്ടില്ല. ഇതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഭാര്യ പരാതി നല്കിയ വിവരമറിഞ്ഞതോടെ സന്ദീപ് ഈ വിഡിയോ നീക്കം ചെയ്തു. പിന്നീട് ഫെയ്സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴേയ്ക്കും ഒട്ടേറെ ആളുകള്‍ ഈ വിഡിയോ കണ്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് റണ്‍വിജയ് സിങ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഭാര്യയുടെയും ഭര്‍ത്താവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തും.