പിസി ചാക്കോ വീണ്ടും എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷനായി പിസി ചാക്കോയുടെ പേര് എ കെ ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. എന്നാല്‍ പിസി ചാക്കോയെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്ന് മുന്‍ ദേശീയ നേതാവ് ഇറങ്ങി പോയി. മലപ്പുറത്ത് നിന്നുള്ള നേതാവ് എന്‍ എ മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം നിരാകരിച്ചുവെന്ന് മുഹമ്മദ് കുട്ടി പ്രതികരിച്ചു. ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പിസി ചാക്കോയെ തോമസ് കെ. തോമസ് പിന്താങ്ങി. പിസി ചാക്കോയെ പ്രസിഡന്റാക്കാന്‍ എകെ ശശീന്ദ്രന് തോമസ് കെ തോമസ് വിഭാഗങ്ങള്‍ നേരത്തെ സമവായത്തിലെത്തിയിരുന്നു.
നേതൃത്വം മാറണം എന്ന ചിന്ത പാര്‍ട്ടിയില്‍ ഇല്ലെന്ന് എകെ ശശീന്ദ്രന് പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഇല്ലായെന്നും മത്സരമുണ്ടാകുമെന്നത് വാര്‍ത്ത മാത്രമാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.