22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബിര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ആരംഭം. 30000 കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു കായിക മാമാങ്കത്തിന് കൊടിയേറിയത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ചാള്‍സ് രാജകുമാരന് പങ്കെടുത്തു. ഗെയിംസിന് മുന്നോടിയായി ഈ മാസം 27നായിരുന്നു ക്വീന്‍സ് ബാറ്റന് ഗെയിംസ് വില്ലേജില്‍ തിരികെ എത്തിയത്.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പിന്മാറിയതിനാല് ഒളിമ്പ്യന്‍ പി.വി. സിന്ധുവും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും ചേര്‍ന്നാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിച്ചത്. പ്രശസ്ത ബ്രിട്ടണ് ഡ്രമ്മറായ അബ്രഹാം പാഡിയും ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായികയും ഗാനരചയിതാവുമായ രഞ്ജന ഘട്ടക്കിന്റെയും പ്രകടനം നഗരത്തെ സംഗീത മയത്തിലാക്കി. ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങും കലാപരിപാടികളും പ്രശസ്ത ക്രൈം നാടകമായ ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ നിര്‍മ്മിച്ച ബ്രിട്ടീഷ് തിരക്കഥാകൃത്ത് സ്റ്റീവന്‍ നൈറ്റാണ് സംവിധാനം ചെയ്തത്.
ഇന്ന് ഉച്ചക്ക് 1:30 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. 215 താരങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. 72 രാജ്യങ്ങളില്‍ നിന്നുള്ള 5000തിലധികം കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്റെ സമാപനം. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സിന് ശേഷം ബ്രിട്ടണ് ആതിഥേയത്തം വഹിക്കുന്ന ഏറ്റവും വലിയ ഇവന്റാണിത്.
ഗെയിംസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളാണ്. പിവി സിന്ധു(ബാഡ്മിന്റന്‍), മീരാ ഭായ് ചാനു(ഭാരോദ്വഹനം), ബജ്രംഗ് പുനിയ(ഗുസ്തി), ലോവ്ലിന ബോര്ഗോഹെയ്ന്(ബോക്സിങ്), രവികുമാര്‍ ദഹിയ(ഗുസ്തി), എന്നിവര്‍ ഇന്ത്യയുടെ ഉറച്ച പ്രതീക്ഷകളാണ്. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളായ പുരുഷ ഹോക്കി ടീമും, ഗെയിംസില്‍ അരങ്ങേറ്റം നടത്തുന്ന വനിതാ ക്രിക്കറ്റ് ടീമും മെഡല്‍ സാധ്യകളെ വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര പരുക്കുമൂലം വിട്ടു നില്‍ക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. പരുക്കേറ്റങ്കിലും ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിള്‍ താരം വെളളി മെഡല്‍ നേടിയിരുന്നു.
മലയാളി താരങ്ങളായ പിആര്‍ ശ്രീജേഷ്(ഹോക്കി), ട്രീസ ജോളി(ബാഡ്മിന്റണ്‍), സാജന് പ്രകാശ്(നീന്തല്‍ താരം), മുരളി ശ്രീശങ്കര്‍,മുഹമ്മദ് അനീസ്, ആന്‍സി സോജന്(ലോംഗ് ജംമ്പ്), അബ്ദുല്ല അബൂബക്കര്‍, എല്‍ദോസ് പോള്‍(ട്രിപ്പിള്‍ ജംപ്), നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍(4ഃ400 മീറ്റര്‍ റിലേ) എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്. താരങ്ങള്‍ക്ക് പുറമേ സപ്പോര്‍ട്ട് 107 സ്റ്റാഫും ഇന്ത്യന്‍ സംഘത്തിലുണ്ട്. കൊവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ താരങ്ങളോട് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് മുന്നറിയിപ്പ് നല്കി. അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
1934ലെ ഗെയിംസിലാണ് ഇന്ത്യ ആദ്യമായി പങ്കെടുത്തത്. ഇതുവരെ 503 മെഡലുകള്‍ ഇന്ത്യ നേടിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും ഇന്ത്യ നേടിയിരുന്നു. മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.