ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് ഗ്ലാമോര്ഗന് ബാറ്റര്‍ സാം നോര്‍ത്ത്ഈസ്റ്റ്. ലെസ്റ്റര്‍ഷെയറിനെതിരെ സാം നോര്‍ത്ത് ഈസ്റ്റ് 410 റണ്‍സാണ് നേടിയത്. അതും പുറത്താകാതെ. താരത്തിന്റെ കരുത്തില്‍ ഗ്ലാമോര്ഗന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 795 റണ്‍സ്. ലെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലാണ് താരത്തിന്റെ അത്ഭുത പ്രകടനം. 45 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ പ്രകടനം.
ബ്രയാന്‍ ലാറയ്ക്ക് ശേഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 400 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സാം സ്വന്തമാക്കിയത്. 1994-ല്‍ വാര്‍വിക്ഷെയറിന് വേണ്ടി ലാറ 501 റണ്‍സെടുത്തിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതാണ്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ലാറയുടെ പേരിലാണ്. 2004-ല്‍ ഇംഗ്ലണ്ടിനെതിരേ ലാറ 400 റണ്‍സ് നേടിയിരുന്നു.
6.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പതു റണ്‍സുള്ളപ്പോഴാണ് സാം ക്രീസിലെത്തുന്നത്. പിന്നാലെ ദക്ഷിണാഫ്രിക്കക്കാരനായ കോളിന് ഇന്‍ഗ്രാമും സാമും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സ്കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തത് 306 റണ്‍സ്. 139 റണ്‍സെടുത്ത് കോളിന് പുറത്തായി.
പിന്നീട് വന്നവര്‍ക്കൊപ്പം ചേര്‍ന്ന് സാം തന്റെ സ്കോര്‍ ഉയര്‍ത്തി. സാം 410 റണ്‍സില്‍ നില്‍ക്കെ ഗ്ലാമോര്ഗന് നായകന് ഡേവിസ് ലോയ്ഡ് ഡിക്ലയര്‍ വിളിക്കുകയായിരുന്നു. ലെസ്റ്റര്‍ഷെയറിന്റെ ആദ്യ ഇന്നിങ്സ് 584 റണ്‍സില്‍ അവസാനിച്ചിരുന്നു.