തിരുവനന്തപുരം: വാട്സാപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവര്‍ തെറിച്ചു. ഇവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാതി നല്കിയവരില് നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. വിവരങ്ങള്‍ ചോരുന്നത് സംസ്ഥാന പ്രസിഡന്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിനെതിരെ റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍, എസ്ജെ പ്രേം രാജ്, എസ്എം ബാബു എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന് നല്‍കിയത്. സംസ്ഥാന ഉപാധ്യക്ഷന്‍ ശബരീനാഥ് അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തോട് ഇടപെടല്‍ ആവശ്യപ്പെട്ടത്. വാട്സാപ്പ് ഗ്രൂപ്പിലെ കെ എസ് ശബരീനാഥന്റെ ആഹ്വാന പ്രകാരമാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്നതെന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.