മുവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക അന്യായമായി വർദ്ധിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുവാറ്റുപുഴ ഏരിയാ കമ്മിറ്റിയുയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ചെയർമാന് നിവേദനം നൽകി. മുൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്റെ സാന്നിത്തിൽ ചെയർമാൻ സമിതി നേതാക്കളുമായി ചർച്ചനടത്തി. വാടക വർദ്ധനവ് സംബന്ധിച്ച് ഭരണ സമിതി എടുത്ത തീരുമാനം തിടുക്കത്തിൽ നടപ്പാക്കുകയില്ലെന്നും, ഇക്കാര്യത്തിൽ ബന്ധപ്പെട്ട കച്ചവടക്കാരും, വ്യാപാരി സംഘടനകളും ആയി ആവശ്യമായ ചർച്ച നടത്തി വ്യാപാരികളുടെ താത്പര്യം കൂടി സംരക്ഷിച്ച് കൊണ്ട് മാത്രമെ കൗൺസിൽ തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കുകയുള്ളു എന്നും ചെയർമാൻ ഉറപ്പ് നൽകി.
ഉറപ്പ് പാലിക്കാൻ ചെയർമാൻ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരത്തോടൊപ്പം നിയമ നടപടികളുമായി വ്യാപാരി വ്യവസായി സമിതി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാടക വർദ്ധന വിഷയത്തിൽ സമിതി ആദ്യ ഘട്ടത്തിൽ തന്നെ വ്യാപാരികളെ സംഘടിപ്പിച്ച് മുൻസിപ്പൽ ഓഫീസ് മാർച്ച് അടക്കം നടത്തിയിരുന്നു. ഈ സമയത്ത് വാടക വർദ്ധനവ് നടക്കാത്ത കാര്യമാണ് എന്നെല്ലാം പറഞ്ഞ് മാറി നിന്നവർ വ്യാപാരികൾക്കിടയിൽ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ സമരവുമായ് രംഗത്ത് ഇറങ്ങിയിട്ടുള്ളത്. ചെയർമാനുമായുള്ള ചർച്ചയിൽ സമിതി ഏരിയാ പ്രസിഡന്റ് സജിവ് നന്ദനം, ജോയിന്റ് സെക്രട്ടറി സി.പി.റഫീക്ക്, ഏരിയാ രക്ഷാധികാരി കെ.എൻ.ജയപ്രകാശ്, ഷിയാസ് ചിറപ്പാടി എന്നിവർ പങ്കെടുത്തു.