മുഖ്യമന്ത്രിയുടേത് എം.എം മണിക്ക് കുടപിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പിണറായി വിജയന്റെ അനുവാദത്തോടെയാണ് പ്രസ്താവന നടത്തുന്നത്. പിണറായി വിജയന് കൊന്നിട്ടും തീരാത്ത പകയെന്ന് വി.ഡി. സതീശന് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എം എം മണി അത്തരം പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിധവയാകുന്നത് വിധിയാണ് എന്ന് സിപിഐഎം നേതൃത്യം പറയുന്നുണ്ടോ പിന്തിരിപ്പന് ആശയങ്ങള്‍ പേറി നടക്കുന്നവരാണോ സിപിഐഎം എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് നാലു ചുറ്റും കാവല്‍ നിന്ന് കെ. കെ രമയെ സംരക്ഷിക്കും. സിപിഐഎമ്മും ബിജെപിയും തമ്മിലെ തര്‍ക്കം നാഷണല്‍ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോയെന്നാണെന്ന് വി.ഡി. സതീശന് പരിഹസിച്ചു.
‘മണിയുടെ പ്രസ്താവന മാത്രമല്ല അതിന് കുടപിടിച്ചുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനമാണ് തെറ്റ്. നാട്ടിന് പുറങ്ങളില്‍ മര്യാദയ്ക്ക് ജീവിക്കുന്നവരെ ശല്യം ചെയ്യാന്‍ നാട്ടുപ്രമാണികള്‍ ചില ആളുകളെ പറഞ്ഞുവിടും, സാമൂഹിക വിരുദ്ധന്മാരെ പറഞ്ഞുവിട്ട് അവരെ ആക്രമിക്കും. അങ്ങനെ ചില നാട്ടുപ്രമാണികള്‍ ചെയ്യും പോലെ പിണറായി വിജയന്റെ അനുവാദത്തോടുകൂടിയാണ് എം എം മണി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തോടും സംസ്ഥാന നേതൃത്വത്തോടും ചോദിക്കുന്ന ചോദ്യം നിങ്ങള്‍ വിധവ എന്നത് വിധിയാണെന്ന് വിശ്വസിക്കുന്നുണ്ടോ.
അങ്ങനെയാണെങ്കില്‍ നിങ്ങള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് കൂടി ഭര്ത്താക്കന്മാര് മരിക്കുന്നവര്‍ സതി അനുഷ്ടിക്കണമെന്നുകൂടെ പറയണം. സ്ത്രീകളുടെ വിധികൊണ്ടാണൊ അവര്‍ വിധവയാകുന്നത് എന്ന ചോദ്യം കേരളത്തിലെ സിപിഐഎം നേതാക്കന്മാരോട് ചോദിക്കുന്നു. ഇത്തരം പിന്തിരിപ്പന് ആശയങ്ങളെ തലയിലേറ്റി നടക്കുന്നവരാണോ സിപിഐഎം നേതാക്കള്‍. നിങ്ങളൊരു പുരോഗമന പ്രസ്ഥാനമാണോ എന്നതില്‍ അതിശയമാണ്.
സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ എ കെ ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തു. ഇതൊന്നും കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കഴിയില്ല. നിറ കണ്ണുകളുമായി ഞങ്ങളുടെ സഹോദരി കെ കെ രമ ഇരിക്കുമ്പോള്‍ അതിന് ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാന്‍ കഴിയില്ല’- വി.ഡി. സതീശന് പറഞ്ഞു.