പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സജി കെെമാറിയതായി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സ്വതന്ത്ര തീരുമാനമാണ് മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയെന്ന് സജി ചെറിയാന് പറഞ്ഞു.
ഭരണഘടനാ ലംഘന പരാമര്‍ശത്തില്‍ സജി ചെറിയാനെ പിന്തുണയ്ക്കാതെ സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയില്ല. സംസ്ഥാനത്തെ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താന്‍ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന് രാജി പ്രഖ്യാപിച്ചത്.
പരാമര്‍ശങ്ങളില്‍ മന്ത്രി മിതത്വം പാലിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷത്തിന് അനാവശ്യമായി ആയുധം നല്‍കിയെന്നും ഇന്നത്തെ സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തനിക്ക് നാക്ക് പിഴയാണ് സംഭവിച്ചതെന്ന് മന്ത്രി സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെ വിമര്‍ശിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. യോഗത്തിനു ശേഷവും രാജിക്കില്ലന്നായിരുന്നു സജി ചെറിയാന്റെ നിലപാട്