പീഡന പരാതിയില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്. പിസി ജോര്‍ജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് കാനം പറഞ്ഞു. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പിസി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതില്‍ കാര്യമില്ലെന്നും കാനം പറഞ്ഞു.
അതേസമയം മുഖ്യന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ചിരിക്കുകയാണ് പിസി ജോര്‍ജ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ ദുരൂഹമാണ്. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ ബിനാമിയാണ്. മുഖ്യമന്ത്രിയുടെ മക്കള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ റാക്കറ്റ് നടക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ ഇ ഡി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിതാവിനൊപ്പമുള്ള മകളുടെ യാത്ര ദുരൂഹമാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.
തനിക്കെതിരായ കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ഇന്നലെ രാത്രി ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ജെഎഫ്എംസി) ജാമ്യം അനുവദിച്ചത്. പി.സി. ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതി മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച വ്യക്തിയാണ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ പി.സി.ജോര്‍ജിനെതിരെ കുറെ മാസങ്ങളായി നിരന്തരമായി കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിഭാഗം വാദിച്ചു.
അതില്‍ സര്‍ക്കാരിനെ തന്നെ പ്രതിഭാഗം കുറ്റപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ പി.സി. ജോര്‍ജിന്റെ ആരോഗ്യ സ്ഥിതിയും കോടതിയില്‍ പ്രതിഭാഗം ഉയര്‍ത്തിക്കാട്ടി. ഇതെല്ലാം മുന്‍നിര്‍ത്തായാണ് ജാമ്യമെന്നാണ് സൂചന.