സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐക്ക് കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യമാണ് പീഡന പരാതിക്ക് പിന്നിലെന്ന് പി സി ജോര്‍ജ്. താനൊരു സ്ത്രീയേയും പീഡിപ്പിച്ചിട്ടില്ല. പരാതിക്കാരി വൈരാഗ്യം തീര്‍ക്കുകയാണ്. കേസില്‍ നിരപരാധിയാണെന്ന് കോടതിയില്‍ നൂറുശതമാനം തെളിയുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജിന്റെ പ്രതികരണം: ”ഈ ഒരു കാര്യം കൊണ്ടെന്നും പിണറായി വിജയന് രക്ഷപ്പെടില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് മറുപടി നല്കി കൊണ്ടിരിക്കെ 11 മണിക്കാണ് ഈ കേസെടുത്തത്. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ഞാന്‍ ഒളിക്കാന്‍ ഉദേശിക്കുന്നില്ല. റിമാന്‍ഡ് ചെയ്താലും സന്തോഷം. ശേഷം വസ്തുത ഞാന്‍ തെളിയിക്കും. ഞാന്‍ ഒരു സ്ത്രീയെയും പീഡിപ്പിക്കില്ല. ഞാന്‍ പൊതു പ്രവര്‍ത്തകനാണ്.”
”അടുത്തവരുന്ന എല്ലാ പെണ്‍കുട്ടികളെയും മോളേ, ചക്കരേ, സ്വന്തമേ എന്ന് അല്ലാതെ വിളിക്കാറില്ല. ആ സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കെതിരെ പിണറായി വിജയന്റെ കാശും വാങ്ങി കാണിക്കുന്ന മര്യാദകേടിന് ദൈവം ക്ഷമിക്കട്ടേ. താന്‍ പോയ രാഷ്ട്രീയക്കാരെല്ലാം പീഡിപ്പിച്ചെന്ന് അവരു തന്നെ പറഞ്ഞിട്ടുണ്ട്. ആ പീഡിപ്പിച്ചയാളുകളെല്ലാം ഇപ്പോള്‍ മാന്യമായി നടക്കുകയാണ്. അവരോട് മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയ നേതാവാണ് പിസി ജോര്‍ജ് എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.”
”സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചു എന്ന് സ്റ്റേറ്റ്മെന്റ് അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം എന്നോട് പറഞ്ഞത് ഉമ്മന്‍ചാണ്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ്. ഉമ്മന്‍ചാണ്ടി വയസ്സാംകാലത്ത് മര്യാദകേട് കാണിച്ചോ എന്ന് താന്‍ ചിന്തിച്ചിരുന്നു. പിന്നീട് എഴുതി തന്നത് ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ്.
അതോടെ അവരു പറയുന്നത് നുണയാണെന്ന് മനസിലായി. കള്ളസാക്ഷി പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. പച്ചക്കള്ളമാണ് പരാതിക്കാരി പറയുന്നതെന്ന് സിബിഐയോട് പറഞ്ഞു. അതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമാണിത്.”