അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറില്‍ ശാന്തം. ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാകുന്നു. ദാനപൂര്‍ റെയില്‍വേ സ്റ്റേഷന് ആക്രമണത്തില്‍, കോച്ചിങ് സെന്റര്‍ ഉടമ ഗുരു റഹ്മാനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമസക്തമായ പ്രതിഷേധങ്ങള്‍ നടന്ന ബീഹാറില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും ശാന്തമായി എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു അക്രമസംഭവം പോലും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് 900ല്‍ ഏറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 161 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
ദാനപൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ പട്നയിലെ കോച്ചിങ് സെന്റര്‍ ഉടമ ഗുരു റഹ്മാന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇയാളുടെ വീട്ടിലും ഓഫീസിലും പൊലീസും ആദായ നികുതി വകുപ്പും റെയ്ഡ് നടത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇയാള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു എന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം ബംഗാള്‍, ഒഡീഷ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി.
പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ ബംഗാളിലും ഒഡീഷയിലും നടന്നു. അഗ്നിപഥ് പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി ആരോപിച്ചു. യുവാക്കളുടെ കൈകളില്‍ ആയുധം നല്‍കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും നിയമസഭയില്‍ മമത പറഞ്ഞു.
ബീഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആര്‍ജെഡി ഏറ്റെടുക്കനൊരുങ്ങുകയാണ്. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആര്‍ജെഡി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അലോക് കുമാര്‍ മേത്ത പറഞ്ഞു. സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ ആസൂത്രിതമല്ലെന്നും അലോക് മേത്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഗ്നിപഥ് പദ്ധതിയില്‍ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാര്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാര്‍ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിര്‍ദേശങ്ങള്‍, ആശങ്കകള്‍, മാറ്റങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ വിഷയമാകും.