അഗ്നിപഥ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി.വൈ.എഫ്.ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത എ.എ റഹീം എംപിയെ അര്‍ധരാത്രിയോടെ വിട്ടയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായില്ല. എ എ റഹീം എംപിയ്ക്കൊപ്പം പ്രതിഷേധിച്ചവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവര്‍ത്തകരെ വിട്ടയക്കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായിട്ടില്ല. സഹപ്രവര്‍ത്തകരെ കൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്.
എംപിയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് പ്രതിഷേധിച്ച തനിക്കെതിരെ പൊലീസ് നടപടിയെടുത്തതെന്ന് എ എ റഹീം ആരോപിച്ചിരുന്നു. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ ഡല്‍ഹി പൊലീസ് ലംഘിച്ചുവെന്ന് ആരോപിച്ച് എംപിക്കെതിരായ കയ്യേറ്റത്തില്‍ സിപിഐഎം എംപിമാര്‍ രാജ്യസഭാ ചെയര്മാന് കത്തയച്ചിട്ടുണ്ട്.
എംപിയേയും വനിതാ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. റഹീമിനെ കൂടാതെ എസ്.എഫ്.ഐ നേതാക്കളായ ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസും ഡല്‍ഹി ജന്ദര്‍മന്ദറില്‍ സത്യാഗ്രഹ സമരം നടത്തി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍, എംപിമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.
പദ്ധതിയില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഒപ്പമല്ല, പണക്കാരോടൊപ്പമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം അഗ്നിപഥ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇന്ന് വിജ്ഞാപനം ഇറങ്ങും.