ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ തീർത്ഥാടന സംഘം നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയായി. രാവിലെ 8.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തിലാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ഫ്ളാഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. 181 പുരുഷന്മാരും 196 സ്ത്രീകളുമടക്കം 377 തീര്‍ത്ഥാടകരാണ് സംഘത്തിലുള്ളത്.
എയർപോർട്ടിൽ എത്തിയ ഹാജിമാരെ സിയാൽ അധികൃതർ, സി ഐ എസ് എഫ്, സൗദി എയർലൈൻസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കലക്ടർ ജാഫർ മാലിക് , കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ മഫൂജ കാതൂൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീൻ കുട്ടി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. ഐ. പി അബ്ദു സലാം, മുഹമ്മദ് ഖാസിം കോയ, സഫർ കയാൽ, പി. പി മുഹമ്മദ് റാഫി , പി. ടി അക്ബർ , സിയാൽ സീനിയർ ഓപ്പറേഷൻ മാനേജർ സി.ദിനേശ് കൂമാർ , എം.എസ് അനസ് ഹാജി, അസി. സെക്രട്ടറി എൻ.മുഹമ്മദലി , ഹജ്ജ് സെൽ ഓഫീസർ എസ്.നജീബ്, സ്പെഷൽ ഓഫീസർ യു. അബ്ദുൽ കരീം, മുത്തുകോയ, കോർഡിനേറ്റർ മുഹമ്മദ് അഷ്റഫ്, എയർലൈൻസ് അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു.
പുലർച്ചെ നടന്ന യാത്രയയപ്പ് പ്രാർത്ഥന സംഗമത്തിനു ശേഷം ഹാജിമാരെ പ്രത്യേക വാഹനത്തിൽ എയർപോർട്ടിൽ എത്തിച്ചു.പ്രാർത്ഥന സംഗമത്തിൽ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി ഉദ്ബോധനം നടത്തി. ഹജ്ജ് സെല്‍ ഓഫീസര്‍ എസ്. നജീബ് യാത്രാ സംബന്ധമായ നിര്‍ദ്ദശം നല്കി. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ.മൊയ്തീൻ കുട്ടി, പി. പി മുഹമ്മദ് റാഫി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, യു.അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.
ജൂൺ 4 മുതൽ 16 വരെ നെടുമ്പാശ്ശേരി വഴി 20 വിമാനങ്ങളിലായി 7724 തീർത്ഥാടകരാണ് മദീനയിലേക്ക് പോകുന്നത്. 377 പേർ വീതം യാത്ര ചെയ്യാവുന്ന വിമാനത്തിൽ കേരളത്തിനു പുറമേ, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്തമാൻ, തുടങ്ങിയ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1966 തീർത്ഥാടകരും യാത്രയാകും.കേരളത്തിൽ നിന്നും 5758 തീർത്ഥാടകർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.2056 പുരുഷന്മാരും 3702 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.