സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കുറഞ്ഞത് ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’ പദ്ധതിക്ക് തുടക്കമാവുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ എട്ടിന് തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എം വി ഗോവിന്ദന് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുക. സംസ്ഥാനത്താകെ പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി നേരത്തെ തന്നെ 50 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.
പദ്ധതിതുകയുടെ 60 ശതമാനം, (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍നിന്നോ സ്പോണ്‍സര്‍ഷിപ് വഴിയോ കണ്ടെത്തണം. ഇത്തരത്തില്‍ ഒരു വര്‍ഷം നൂറു ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടൂറിസം വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ യോഗത്തില്‍ വ്യക്തമാക്കി.
തങ്ങളുടെ പ്രദേശത്തെ ഡെസ്റ്റിനേഷനുകള്‍ ആക്കി മാറ്റാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ടൂറിസം വകുപ്പിന് ഓണ്‍ലൈന്‍ വഴിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വിശദ പദ്ധതി രേഖ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി എസ്റ്റിമേറ്റ് സഹിതം സമര്‍പ്പിക്കണം. പദ്ധതി പ്രദേശത്തുനിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
ഈ തുക പദ്ധതി പരിപാലനത്തിന് ഉപയോഗിക്കണം. ഇതിനായി കൃത്യമായ ബിസിനസ് പ്ലാന്‍ തയ്യാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കണം. പദ്ധതി നടപ്പാവുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.