കൊച്ചി: ആവാസ വ്യവസ്ഥക്കനുസരിച്ച് പൈതൃകമായ കൃഷിരീതി പൊക്കാളി പാടശേഖരങ്ങളില്‍ തിരിച്ചു കൊണ്ടുവരണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പുത്തന്‍തോട്, കുഴുവേലി തോട് എന്നിവയുടെ പുറം ബണ്ട് നിര്‍മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നഷ്ടത്തിന്റെ പേര് പറഞ്ഞ് നെല്‍ കൃഷി സാവകാശം ഇല്ലാതാക്കാനാണ് പലരും ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ല. പൊക്കാളി പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യാതെ മത്സ്യ കൃഷി മാത്രം ചെയ്യുന്നതിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
1990 മീറ്റര്‍ പുറം ബണ്ട് നിര്‍മ്മാണത്തിനായി രണ്ട് കോടി 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.132 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്ക് ബണ്ടിന് പ്രയോജനം ലഭിക്കും. പൊക്കാളി പാടശേഖരങ്ങളില്‍ കൃഷി ഇറക്കാതെ മത്സ്യകൃഷി അനുവദിക്കില്ല. ഒരു നെല്ല്, ഒരു മീന്‍ എന്നതാണ് സര്‍ക്കാര്‍ നയം. ഇതല്ലാതെ ചെമ്മീന്‍ കൃഷി മാത്രം ചെയ്യുന്നതിനുള്ള നീക്കം തടയുമെന്നും മന്ത്രി വ്യക്തമാക്കി. പൊക്കാളിയുടെ വികസനത്തിനായി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും. നെല്ലും മീനും ശാസ്ത്രീയമായി ചെയ്താല്‍ പൊക്കാളി കൃഷി ലാഭകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴിക്കര പളളിയാക്കല്‍ സഹകരണ ബാങ്ക് വളപ്പില്‍ നടന്നന ചടങ്ങില്‍ വി.ഡി സതീശന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പി. രാജു, പൊക്കാളി നില വികസന ഏജന്‍സി ചെയര്മാന് കെ.എം ദിനകരന്, കെ.എല്‍.ഡി.സി ചെയര്മാന് ടി പുരുഷോത്തമന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നാരായണന്, ബ്ലോക്ക് പഞ്ചായത്തംഗം എം.എ രശ്മി, പഞ്ചായത്ത് അംഗങ്ങളായ ഉഷ രാധാകൃഷ്ണന്, എ.ആര് സ്മേര, കെ.എസ് ഭൂവനചന്ദ്രന്‍, പളളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു. കെ.എല്‍.ഡി.സി മാനേജിംഗ് ഡയറക്റ്റര്‍ പി എസ് രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഞ്ചിനിയര്‍ ബിസ്നി രാമചന്ദ്രന് നന്ദി പറഞ്ഞു.