കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിലെ എറണാകുളം-ഇടുക്കി ജില്ലാ അതിര്‍ത്തിയായ നേര്യമംഗലത്ത് പെരിയാര്‍ പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ വളരെ പഴക്കമേറിയ നീളം കൂടിയ ആര്‍ച്ച് പാലത്തില്‍ ഒരു ചെറിയ മഴ പെയ്താല്‍ പോലും നാല് സ്ഥലത്തായി വലിയ തോതില്‍ വെള്ളം കെട്ടിക്കിടന്ന് മലിനജലമായി മാറുന്നു. ഇതു മൂലം ഇഞ്ചത്തൊട്ടി – കാഞ്ഞിരവേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കാല്‍നടയായി നേര്യമംഗലത്ത് എത്തിച്ചേരാന്‍ ഏക ആശ്രയമായ പാലത്തിലൂടെയുള്ള കാല്‍നടയാത്ര ദുരിതമായി മാറി.
സ്ക്കൂള് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്ന് നീങ്ങുമ്പോള്‍ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ മലിനജലം ദേഹത്ത് തെറിക്കുന്നതും ദേഹം അഴുക്കായി യാത്ര മുടങ്ങുന്നതും മഴക്കാലമായാല്‍ നിത്യസംഭവമായി മാറി. പാലത്തിലെ അശാസ്ത്രീയമായ ടാറിംങ്ങ്മൂലം കുഴികള്‍ രൂപപ്പെടുകയും പാലത്തില്‍ വെള്ളം പുറത്തേക്ക് പോകേണ്ട എട്ടോളം ഓവുകള്‍ അടഞ്ഞതുമാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായതെന്നും ആയതിനാല്‍ പാലത്തിലെ വെള്ളക്കെട്ടിന് ശ്വാശത പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ജനതാ കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (എച്ച്.എം.എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപിയും നിയോജക മണ്ഡലം പ്രസിഡന്റ് വാവച്ചന് തോപ്പില്‍ കുടിയും ആവശ്യപ്പെട്ടു.