ആലുവ : കാമുകി ട്രെയിനു മുന്നിൽ ചാടിയത് കണ്ട് കാമുകൻ പുഴയിലും ചാടി . ആലുവയിലാണ് പ്രണയിതാക്കളായ ഇരുവരും മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടു മാർത്താണ്ഡവർമ പാലത്തിൽനിന്നു പെരിയാറിൽ ചാടിയാണ് ശ്രീകാന്ത് മരിച്ചത്. തായിക്കാട്ടുകര ഗാരിജിനു സമീപം ട്രെയിനിനു മുന്നിൽ ചാടിയാണ് മഞ്ജു മരിച്ചത്. നൊച്ചിമയിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥയായ മഞ്ജു ജോലി കഴിഞ്ഞു സ്കൂട്ടറിൽ ഗാരിജിനു സമീപം എത്തി ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശ്രീകാന്ത് അവിടെനിന്ന് ഓട്ടോയിൽ ആലുവയിൽ എത്തിയാണു പുഴയിൽ ചാടിയതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം മുങ്ങൽ വിദഗ്ധർ കണ്ടെടുത്തു.
ഡ്രൈവറായ ശ്രീകാന്ത് മൂന്നു മാസമായി മഞ്ജുവിന്റെ വീടിനടുത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു. പിറളി മാളേക്കപ്പടി താഴത്തേടത്ത് ജയചന്ദ്രന്റെയും കോമളത്തിന്റെയും മകനാണ് ശ്രീകാന്ത്. അവിവാഹിതനാണ്. പയ്യന്നൂർ സ്വദേശി ചന്ദ്രൻ പിള്ളയുടെയും വിജിയുടെയും മകളാണ് മഞ്ജു. ഭർത്താവ്: എടത്തല തേക്കിലക്കാട്ടുമൂല പുത്തൻവീട്ടിൽ രാജ്കുമാർ. മക്കൾ: അഭിരാജ്, മനു. ഇരുവരുടെയും സംസ്കാരം നടത്തി.