കൊട്ടാരക്കര: എം.സി.റോഡില്‍ കെ.എസ്.ആര്.ടി.സി.ബസും കാറും കൂട്ടി ഇടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. എം.സി റോഡില്‍ കലയപുരം സി.എസ്.ഐ.ആശുപത്രി ജംഗ്ഷന് സമീപം ഞായറാഴ്ച വൈകിട്ട് നാലിനോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര വഴി കോട്ടയത്തേക്ക് പോയതാണ് ഫാസ്റ്റ് പാസഞ്ചര്‍. എതിരെ വന്ന കാര്‍ നിയന്തണമില്ലാതെ ബസ്സിന് മുന്നിലേക്ക് പാഞ്ഞുവരുകയായിരുന്നു.
കാര്‍ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ കെ.എസ്ആര്‍.ടി.സി ബസ് പരമാവധി ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ പെട്ടവരെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രികളിലെത്തിച്ചത്. പരിക്കേറ്റ കാര്‍ യാത്രക്കാരായ അനില്‍കുമാര്‍ പവിത്രം (52), വര്‍ക്കല സ്വദേശി പ്രദീപ് (52) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ,തിരുവല്ല സ്വദേശി ഓമന വര്‍ക്കല സ്വദേശി പൊന്നമ്മ എന്നിവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ വാളകം സ്വദേശിനി റോസമ്മ, അടൂര്‍ ഏഴംകുളം സ്വദേശി അപ്പുക്കുട്ടന് എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.