ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കെവി തോമസ്. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് തോമസ് മാഷ് കൊച്ചിയില്‍ പറഞ്ഞു.താന്‍ കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടി ഉപേക്ഷിക്കില്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സെമിനാറില്‍ തോമസ് എത്തിയാലുടന്‍ അദ്ദേഹത്തിനെതിരേ നടപടി എടുക്കാനാണ് കെപിസിസി തീരുമാനം. കോണ്‍ഗ്രസ് ദേശിയ നേതൃത്വം ഇതിന് അനുമതി നല്‍കിയതായാണ് വിവരം.
തോമസ് മാഷിന്റെ വാക്കുകളിലേക്ക്:…….
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് ആമുഖമായി സൂചിപ്പിച്ചാണ് കെ വി തോമസ് നിലപാടറിയിച്ചത്. സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മാര്‍ച്ച് മാസത്തില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കാനുള്ള താല്പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് താന്‍ അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ്.
‘സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയ്ക്കെതിരായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ച് കടുംപിടുത്തമുണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയായില്ല’. കെവി തോമസ് പറഞ്ഞു.
തൃക്കാക്കര ലക്ഷ്യമിട്ടാണ് തോമസ് മാഷിന്റെ ചാഞ്ചാട്ടം. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇനി കോണ്‍ഗ്രസില്‍ പുതിയ പദവി തനിക്കായുണ്ടാകില്ലന്നുറപ്പായതോടെയാണ് മാഷിന്റെ പുതിയ നീക്കം. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തില്‍ സിപിഎമ്മിന്. അവരോട് സഖ്യത്തിന്റെ ആവശ്യമില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ മണ്ണില്‍ സിപിഎമ്മുമായി കൈ കൊടുക്കാന്‍ ആകില്ലെന്നും കെ. സുധാകരന് പറഞ്ഞിരുന്നു.